മകനെ വിദേശത്തു കഴുത്തറുത്തു കൊലപ്പെടുത്തിയ ഉത്തരേന്ത്യൻ യുവാവിന് മാപ്പു നൽകിയ മാതാവിന് സ്നേഹ വീടൊരുങ്ങി. ഒറ്റപ്പാലം പത്തൊൻപതാം മൈൽ പാലത്തിങ്കൽ ഐഷ ബീവിക്കാണ് കെഎംസിസി വീടു നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഐഷ ബീവിയുടെ മകൻ മുഹമ്മദ് ആഷിഫ് 2011 ൽ കൊല്ലപ്പെട്ട കേസിൽ അൽഹസയിലെ കോടതി വധശിക്ഷയ്ക്കു വിധിച്ച ഉത്തർപ്രദേശ് സ്വദേശി മഹറം അലി ഷഫീയുല്ലയ്ക്കാണു കുടുംബം 3 വർഷം മുൻപ് നിരുപാധികം മാപ്പ് നൽകിയത്. ഇതോടെ മഹറം അലിക്കു ശിക്ഷാ ഇളവു ലഭിച്ചു. അൽഹസയിലെ പെട്രോൾ പമ്പിൽ ജീവനക്കാരായിരുന്നു ആഷിഫും മഹ്റം അലി ഷഫീയുല്ലയും. ഇരുവരും ഒരുമിച്ചായിരുന്നു താമസം. വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഉത്തരേന്ത്യൻ യുവാവിന്റെ മനോദൗർബല്യം പരിഗണിച്ചു വധശിക്ഷ നീണ്ടതിനിടെയായിരുന്നു കെഎംസിസിയുടെ ഇടപെടൽ. യുപിയിലെ കുടുംബത്തിന്റെ നിസ്സഹായ അവസ്ഥ തിരിച്ചറിഞ്ഞ ഭാരവാഹികൾ ഇവരെ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ എത്തിക്കുകയായിരുന്നു. ആഷിഫിന്റെ കുടുംബവും പാണക്കാട്ടെത്തിയാണ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ മാപ്പ് നൽകി രേഖ കൈമാറിയത്. ഇതിനിടെയാണ് ഐഷ ബീവിക്ക് സ്വന്തമായി വീട്ടില്ലെന്ന വിവരം കെഎംസിസി ഭാരവാഹികൾ അറിഞ്ഞതും ദൗത്യം ഏറ്റെടുത്തതും.
നഷ്ടപ്പെട്ടയാൾക്ക് പകരം ഒന്നുമില്ലെന്ന് കുടുംബത്തിനറിയാം. സഹോദരൻ വിദേശത്ത് കഷ്ടപ്പെട്ടതും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനായിരുന്നു. ചുനങ്ങാട്ട് 25 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് സ്ഥലം വാങ്ങി വീടു നിർമിച്ചു നൽകിയത്.