സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസര്‍കോട്ട്

0
281

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം നേരില്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ജില്ലാ ആസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനും കായിക രംഗത്ത് പുതിയ വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും. രാവിലെയും വൈകിട്ടും മറ്റു തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും. സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍, നഗരസഭാ അധികൃതര്‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് വനിത സ്‌റ്റേഡിയമായി മാറ്റുന്ന താളിപ്പടുപ്പ് മൈതാനം മന്ത്രി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ,് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്‌സി കുട്ടന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here