സ്വര്‍ണ്ണത്തോടുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭ്രമം കുപ്രസിദ്ധമാണ്. വിവാഹദിവസം വധുവിനെ സ്വര്‍ണ്ണം കൊണ്ട് മൂടുന്നത് തങ്ങളുടെ അന്തസ്സിന്‍റെ പ്രതീകമായി പല കുടുംബങ്ങളും കാണുന്നു. വിവാഹ ദിവസത്തിലെ അതിരുവിടുന്ന ഈ സ്വര്‍ണ്ണാഭരണ പ്രദര്‍ശനം പല കോണുകളില്‍ നിന്നും വിമര്‍ശനത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികളെയും കടത്തി വെട്ടി ചൈനയിലെ ഒരു വധു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഒന്നും രണ്ടുമല്ല 60 കിലോയിലധികം സ്വര്‍ണ്ണം ധരിച്ചാണ് ചൈനയിലെ ഹുബേ പ്രവിശ്യയില്‍ നിന്നുള്ള ഈ വധു വിവാഹത്തിനെത്തിയത്.
വരന്‍റെ വീട്ടുകാരുടെ വിവാഹസമ്മാനമായിരുന്നു ഈ 60 കിലോ സ്വര്‍ണ്ണാഭരണം. സ്വര്‍ണ്ണത്തിന്‍റെ ഭാരം കൊണ്ട് നേരെ ചൊവ്വേ നടക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് വെളുത്ത വിവാഹ വസ്ത്രത്തില്‍ വധു വേദിയിലെത്തിയത്. മറിഞ്ഞു വീഴാതിരിക്കാന്‍ പലപ്പോഴും വരന്‍റെ സഹായം തേടേണ്ടി വന്നു.
ഒരു കിലോഗ്രാം തൂക്കമുള്ള 60 സ്വര്‍ണ്ണ നെക്ളേസുകളാണ് വരന്‍റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയത്. ഇതിനു പുറമേ രണ്ടു കൈകളിലും രണ്ടു ഭീമന്‍ വളകളും ഇട്ടിട്ടുണ്ടായിരുന്നു. സ്വര്‍ണ്ണാഭരണ വിഭൂഷിതയായി വേദിയിലെത്തിയ വധുവിന്‍റെ പരിതാപകരമായ നില കണ്ട് സഹായിക്കാനായി പലരും മുന്നോട്ട് വന്നെങ്കിലും ഒരു ചിരിയോടെ വധു അവരെ വിലക്കി. വിവാഹത്തിന്‍റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.