‘രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പ്രസ്താവനയുമായി കർണാടക ബി.ജെ.പി അധ്യക്ഷൻ

0
329

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ.

‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു.

വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. നമ്മൾ സംസ്‌കാരത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതെന്ന് കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു. ഇതിനോട് ബി.ജെ.പിയും യോജിക്കുമെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി അധ്യക്ഷന്റെ അപകീർത്തിപരമായ പരാമർശത്തിൽ മാപ്പ് പറയാൻ അവർ തയ്യാറാവണം-ഡി.കെ ശിവകുമാർ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കർണാടക കോൺഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് പിന്നാലെയാണ് രാഹുലിനെതിരെ ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവന. പ്രധാനമന്ത്രിക്കെതിരെ ‘അങ്കുതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ച കോൺഗ്രസിന്റെ ട്വീറ്റിനെതിരെ കർണാടക ബി.ജെ.പി വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു.

അതേസമയം പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മോദിക്കെതിരെ മോശം പരാമർശം വന്നതിൽ ശിവകുമാർ ഖേദം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ സോഷ്യൽ മീഡിയ ടീം ട്വീറ്റ് പിൻവലിച്ചതായും ശിവകുമാർ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here