മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

0
288

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ് 19ന് ഉച്ച മുതൽ നൽകിയിരുന്നത്. ഇതിനനുസരിച്ച് സംസ്ഥാന സർക്കാർ സംസ്ഥാനം മുഴുവൻ അതീവ ജാഗ്രതാ നിർദേശവും നൽകി. എന്നാൽ, 20നു രാവിലെ മുതൽ കനത്ത മഴ എവിടെയുമുണ്ടായില്ല. ഉച്ചയ്ക്കു ശേഷം ചില ജില്ലകളിൽ ഇടിമിന്നലും മഴയുമുണ്ടായതൊഴിച്ചാൽ നാശനഷ്ടങ്ങളൊന്നും കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല.

വൈകിട്ടോടെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ പെയ്തു. തിരുവമ്പാടി ടൗണിൽ വെള്ളം കയറി. രാവിലെ ഏഴിനു പുറപ്പെടുവിച്ച പ്രവചനത്തിൽ തൃശൂരും മലപ്പുറത്തും ഒറ്റപ്പെട്ട കനത്ത മഴയാണെന്നാണു പറഞ്ഞത്. എന്നാൽ പലയിടത്തും കനത്ത വെയിൽ പരന്നു. അതോടെ കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഫെയ്സ്ബുക് പേജിൽ ഉൾപ്പെടെ പലരും കമന്റിടാൻ തുടങ്ങി– ‘നല്ല വെയിൽ’ ‘വെയിൽ സഹിക്കാൻ വയ്യ..’ എന്നിങ്ങനെ.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ജാഗ്രതാ നിർദേശം നൽകിയിരുന്നതിനാൽ 20നു രാവിലെ മുതൽ മലയോര മേഖലയിൽ ഉൾപ്പെടെ കനത്ത ആശങ്കയാണ് നിലനിന്നിരുന്നത്. ഉരുൾപൊട്ടലും മിന്നൽ പ്രളയവുമുൾപ്പെടെയുള്ള ദുരന്തങ്ങളിൽനിന്നു കരകയറുന്നതിനു മുൻപ് വീണ്ടും ദുരന്തമുണ്ടായേക്കാമെന്ന പേടിയായിരുന്നു പലർക്കും. മഴയൊഴിഞ്ഞു നിന്നതോടെ ആശങ്കയും നീങ്ങി. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ കനത്ത വെയിലും ചൂടുമാണ് അനുഭവപ്പെട്ടത്.

Weather-Trolls
മഴ പ്രവചനം തെറ്റിയതിനെതിരെ പ്രചരിക്കുന്ന ട്രോളുകൾ.

20നു രാവിലെ പത്തിന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമായി മാറ്റി. 21നു കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിരുന്നതും മാറ്റി. 21ന് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് ഒരു ജില്ലകളിലുമില്ല. 8 ജില്ലകളിൽ യെലോ അലർട്ട് മാത്രമാണ് 20ന് വൈകിട്ട് അഞ്ചര വരെയുള്ള റിപ്പോർട്ട് പ്രകാരം നൽകിയിരിക്കുന്നത്.

20നു വൈകിട്ട് 5.10നു പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാര അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ തിരുത്തിത്തിരുത്തിയാണ് വകുപ്പിന്റെ പ്രവചനങ്ങൾ തുടരുന്നത്.

രൂപപ്പെട്ടു ‘ചക്രവാതച്ചുഴി’

ബുധനാഴ്ചത്തേക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾതന്നെ കാലാവസ്ഥാ വിദഗ്ധർ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അതിശക്തമായ മഴയ്ക്കു വഴിയൊരുക്കുന്ന ന്യൂനമർദങ്ങളോ ചുഴലിക്കാറ്റോ അറബിക്കടലിലുണ്ടായിരുന്നില്ല. ബംഗാൾ ഉൾക്കടലും താരതമ്യേന ശാന്തമായിരുന്നു. കിഴക്കൻ കാറ്റിന്റെ ശക്തി കൂടുന്നതു കൊണ്ടു മാത്രം അതിശക്തമായ മഴയുണ്ടാകാനിടയില്ലെന്ന് സമൂഹമാധ്യമങ്ങളിൽ അവർ അഭിപ്രായം പങ്കിടുകയും ചെയ്തിരുന്നു.

എന്നാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നടപടികളെടുക്കാൻ പാടുള്ളൂ എന്നതിനാലാണ് സർക്കാർ ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, ഇന്നുച്ചയോടെ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. 21ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ആശങ്കയേറ്റി വ്യാജ പ്രചാരണങ്ങളും

ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന മേഖലയിൽ കൂടുതൽ ദുരന്തത്തിനു സാധ്യതയെന്ന വ്യാജപ്രചരണങ്ങളും ഇതിനിടെ ആശങ്ക വിതച്ചു. അതിശക്തമായ ചുഴലിക്കാറ്റ് കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇത്ര ശക്തമായ ഒരു ചുഴലി ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ലെന്നുമാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത്. കനത്ത കാറ്റോ, ഇടിമിന്നലോ രണ്ടും ചേർന്നോ ഉള്ള പേമാരിയാണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തിലുണ്ടായിരുന്നു.

കനത്ത വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നുമുള്ള സന്ദേശം കൂടിയായതോടെ പരിഭ്രാന്തരായവർ വാർത്ത ശരിയാണോയെന്നറിയാൻ മാധ്യമപ്രവർത്തകരെയും കാലാവസ്ഥാ വിദഗ്ധരെയും സർക്കാർ അധികൃതരെയും വിളിച്ചു. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

സമീപദിവസങ്ങളിലൊന്നും ചുഴലിക്കാറ്റിനു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പോ സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങളോ മുന്നറിയിപ്പു നൽകിയിട്ടില്ല. അതേസമയം, ഒക്ടോബർ 26നു തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന തുലാവർഷക്കാലത്ത് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

‘ഒന്നും ബോധപൂർവമല്ല’

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ പരിമിതി ഉണ്ടെന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി. കാലാവസ്ഥാ പ്രവചനങ്ങൾ ശരിയായി വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാ വകുപ്പ് മനസ്സിലാക്കുന്ന കാര്യങ്ങളാണ് അവർ പ്രവചിക്കുന്നത്. എന്നാൽ, കാര്യങ്ങൾ മനസിലാക്കുന്നതിൽ ചില ഘട്ടങ്ങളിൽ വിഷമം നേരിടുന്നുണ്ട്.

അവർ ബോധപൂർവം ചെയ്യുന്നതല്ല, അവരുടെ സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അത്രത്തോളമേ എത്താൻ കഴിയുന്നുള്ളൂ എന്നതാണ് പരിമിതി. അതിൻറെ ഭാഗമായി അവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. അതിനെ പരിമിതിയായി വേണം കാണാൻ. ഒരു പ്രദേശത്ത് കനത്ത മഴയുണ്ടാകുമോ എന്ന് കൃത്യമായി പറയാൻ കേന്ദ്രകാലാവസ്ഥാ വകുപ്പിനു കഴിയുന്നില്ല. ഒരു അണക്കെട്ടിന്റെ ഭാഗത്ത് മഴ പെയ്യുമോ എന്നു പറയാൻ കഴിയാത്ത ദൗർബല്യം നിലനിൽക്കുന്നു. ഇനിയും സാങ്കേതിക വിദ്യ മെച്ചപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലും ‘കണ്ടില്ല’

ഒക്ടോബർ 14ന് ഉച്ചയ്ക്ക് ഒരുമണിക്കു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള മഴപ്രവചനം ഇങ്ങനെയായിരുന്നു: 15ന് മലപ്പുറം, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട്. വയനാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട്. 16ന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെലോ അലർട്ട്. 17നും 18നും ശക്തമായ മഴയ്ക്കു സാധ്യതയില്ല.

15ന് ഒരു മണിക്കു പ്രവചനം ഇങ്ങനെ: 16നു കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. മറ്റു ജില്ലകളിൽ ചാറ്റൽമഴ മാത്രം. 17–19 തീയതികളിൽ മഴ മുന്നറിയിപ്പുകളില്ല. 2 മണിക്കു മുന്നറിയിപ്പു പുതുക്കി. അപ്പോഴും 16ലെ മഴയ്ക്കു മാറ്റമില്ല. 17ന് ഇടുക്കിയിൽ മാത്രം യെലോ അലർട്ട്. 16ന് ഒരുമണിക്കു പ്രവചനം ഇങ്ങനെ: തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ബാക്കി ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട്.

15ന് ഉച്ച മുതൽ 16ന് ഉച്ചവരെയുള്ള 24 മണിക്കൂറിലാണു കേരളത്തെ നടുക്കിയ ദുരന്തങ്ങളുണ്ടായത്. ശക്തമായ മഴയ്ക്കുള്ള സാധ്യതപോലും പ്രവചിക്കാതിരുന്ന കോട്ടയം ജില്ലയിലും യെലോ അലർട്ട് മാത്രമുണ്ടായിരുന്ന ഇടുക്കിയിലും അതിതീവ്രമഴയും ഉരുൾപൊട്ടലും അതിനെത്തുടർന്നു വെള്ളപ്പൊക്കവുമുണ്ടായി. ജനങ്ങൾക്കു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാനുള്ള മുന്നറിയിപ്പുകളൊന്നും അധികൃതർ നൽകിയിരുന്നില്ല. അപകടം തിരിച്ചറിഞ്ഞു മുന്നറിയിപ്പുകൾ നൽകിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ആയിരക്കണക്കിനുപേർ ഒരിക്കൽക്കൂടി പ്രളയത്തിന്റെ ഇരകളായി.

എന്നു വരും തുലാവർഷം?

കേരളത്തിൽ ഒക്ടോബർ 26ഓടെ കാലവർഷം പിന്മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അന്നു മുതൽ തുലാവർഷത്തിനു (വടക്കു കിഴക്കൻ മൺസൂൺ) തുടക്കമാകും. ഒക്ടോബർ‍ 1 മുതൽ ഡിസംബർ 31 വരെയാണ് തുലാവർഷത്തിന്റെ സമയമെങ്കിലും കഴിഞ്ഞ തവണ 18 ദിവസത്തോളം വൈകി ജനുവരി മൂന്നാം വാരമാണ് മൺസൂൺ കാറ്റ് രാജ്യത്തുനിന്നു പിന്‍വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here