മതപരമായ കാരണത്താലും ആരോഗ്യപരമായ കാരണത്താലും 2282 അധ്യാപകർ വാക്സിൻ എടുത്തില്ലെന്ന് മന്ത്രി

0
193

തിരുവനന്തപുരം: സംസ്ഥാനത്ത്​ 2282 അധ്യാപകർ ഇതുവരെ വാക്​സിനെടുത്തിട്ടില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 327 അനധ്യാപകരും വാക്​സിനെടുത്തിട്ടില്ല. മതപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. വാക്സിൻ നിർബന്ധമാക്കി പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും ഇവർ രണ്ടാഴ്ച സ്കൂളിൽ വരേണ്ടെന്നും പകരം ഓൺലൈൻ ക്ലാസെടുത്താൽ മതിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 15,452 സ്കൂളുകളിലായി ആകെ 1,75,000 അധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്. ഇവരിൽ 2282 അധ്യാപകരും 327 അനധ്യാപകരുമാണ് ഇതുവരെ വാക്സിനെടുക്കാത്തത്.

പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 204 ആണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തിദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്.

നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഓണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്എസ്കെ. 11 കോടി രൂപ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ അക്കാദമിക് ആവശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്‍റനൻസ്​, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്.

എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here