തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിനെതിരെ ഉത്തർ പ്രദേശിൽ പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാവുകയും ലഖ്‌നൗവിൽ നിന്നുള്ള രണ്ട് പേർ പൊലീസിന് പരാതി നൽകുകയുമായിരുന്നു. ലഖ്‌നൗ സൈബർ പൊലീസാണ് കേസെടുത്തത്. സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമമെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കേസിൽ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാലറിയാവുന്ന ചിലർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്യാംപസ് ഫ്രണ്ടിന്റെ മാർച്ചിനെതിരെ ആർഎസ്എസ് അനുകൂല മാധ്യമങ്ങൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സംഭവം നടന്നത് കേരളത്തിലായതിനാൽ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമുദായിക സ്പർധയ്ക്ക് ശ്രമിച്ചെന്ന പേരിൽ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബർ പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കേരള പൊലീസുമായി ബന്ധപ്പെടും.