കാസർഗോഡ്: (mediavisionnews.in) കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആർടി പിസിആർ നിർബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൊതുജനതാത്പര്യാർത്ഥം സർക്കാർ നടപ്പാക്കിയ തിരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കാസർകോട് ജില്ലയിൽ നിന്നുള്ള വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചായിരുന്നു എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി പേര്‍ ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എന്നും മംഗലാപുരം ഉള്‍പ്പടെയുള്ള ദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നവരാണെന്നും എംഎൽഎ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെന്നും ഹർജിയിൽ എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള പൗരന്മാരുടെ സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് കോടതി പറഞ്ഞു.