ദുബൈ: പ്രവാസി സാമൂഹിക പ്രവർത്തകനും ദുബൈ കെഎംസിസി (KMCC) സംസ്ഥാന സെക്രടറിയുമായ കാസർകോട് സ്വദേശി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയുടെ ഗോൾഡൻ വിസ (Golen Visa) ലഭിച്ചു. ഇമിഗ്രേഷൻ ഓഫീസർ ഈസ ശീരി ഗോൾഡൻ വിസ കൈമാറി.
യുഎഇയിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ദുബൈയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന ഇബ്രാഹിം ഖലീൽ, മത സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമാണ്. ദുബൈ അൽ നഖ്‌വി അഡ്വകേറ്റ്സ് ആൻഡ് ലീഗൽ കൺസൾടൻസ് മാനജിംഗ് പാർട്ണറും സീനിയർ ലീഗൽ കൺസൾട്ടന്റുമാണ് ഇദ്ദേഹം. ദുബൈ കെ.എം.സി.സി ലീഗൽ സെന്റർ ചെയർമാൻ പദവിയും വഹിക്കുന്നുണ്ട്. ബിസിനസ് നെറ്റ്‌വർക് ഇന്റർനാഷണൽ പ്രസിഡണ്ടായിരുന്നു. ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇബ്രാഹിം ഖലീൽ പ്രതികരിച്ചു.