കാസര്‍കോട്: കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന് ആരംഭിക്കുന്നു. യൂണിവേഴ്സല്‍ ഇമ്യൂനൈസേഷന് പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്പെടുത്തിയ ന്യൂമോകോകല്‍ കണ്‍ജുഗേറ്റ് വാക്സിന് (പിസിവി) ബുധനാഴ്ച മുതല്‍ കാസര്‍കോട്ട് നല്കിത്തുടങ്ങും.
ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പിസിവി നല്‍കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്കിയാല് മതി. ഈ വാക്സിന്റെ ആദ്യഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരുവയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, ഒമ്പത് മാസം എന്നിങ്ങനെയാണ് വാക്സിന് നല്‍കുന്നത്.
സ്ട്രെപ്റ്റോ കോകസ് ന്യൂമോണിയ അഥവാ ന്യുമോ കോകസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോകല്‍ രോഗം എന്ന് വിളിക്കുന്നത് . ന്യൂമോകോകസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന് സംരക്ഷണം നല്‍കുമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ (ആരോഗ്യം) പറഞ്ഞു.
ഈ രോഗാണു ശരീരത്തിന്‍്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോകല്‍ ന്യൂമോണിയ. അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യൂമോണിയ ആണന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്ബത്തിക ബാധ്യതയും ഉണ്ടാക്കും.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്. യൂണിവേഴ്സല്‍ ഇമ്യൂനൈസേഷന് പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 2000 രൂപ വരെ വിലയുള്ള പി സി വി വാക്സിന് ആണ് സര്‍കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത്.
മെഡികല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വിദഗ്ദ പരിശീലനത്തിന് ശേഷമാണ് ജില്ലയില്‍ വാക്സിനേഷന് ആരംഭിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് നിര്‍വഹിക്കും.