ഒടുവിൽ കണ്ണുതുറന്ന് സർക്കാർ: സീറ്റുകൾ വർധിപ്പിക്കും, പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരം

0
294

തിരുവനന്തപുരം:  സർക്കാർ സ്കൂളുകളിൽ പ്ലസ് വണിന് 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. താലൂക്കുതലത്തിലും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. 50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.

10 മുതൽ 20 ശതമാനം വരെ സീറ്റ് വർദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് ഒൺ സീറ്റിൻ്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെൻ്റ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയതിൽ 5812 പേർക്ക് ഇനിയും പ്ലസ് വണിന് അഡ്മിഷൻ കിട്ടിയിട്ടില്ല. പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചു.

ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനുവേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍

1. പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും.

2. നിലവില്‍ 20% സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ്
വര്‍ദ്ധനവും കൂടി അനുവദിക്കുന്നതാണ്.

3. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ദ്ധനവിന്‍റെ 20% മാനേജ്മെന്‍റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കില്‍ 10 % സീറ്റ്
വര്‍ദ്ധിപ്പിക്കും.

4. സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

5. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വര്‍ദ്ധനവ് നടത്തും. എന്നാല്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

6. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്‍റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here