മുംബൈ: ഐപിഎല്ലിൽ(IPL Auction 2022) പുതുതായി ഉൾപ്പെടുത്തിയ അഹമ്മദാബാദ് ടീമിനെ(Ahmedabad franchise) സ്വന്തമാക്കിയ സിവിസി ക്യാപ്പിറ്റൽ(CVC Capital) വിവാദത്തിൽ. വാതുവെപ്പ്(Betting) കമ്പനികളുമായി സിവിസി ക്യാപ്പിറ്റലിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ടെന്‍ഡറിൽ പങ്കെടുത്ത അദാനിഗ്രൂപ്പ്(Adani Group) പരാതി നൽകുമെന്നാണ് സൂചന.
എന്നാൽ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ബിസിസിഐ(BCCI) വൃത്തങ്ങൾ വ്യക്തമാക്കി.ഐപിഎല്ലിൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്താൻ തീരുമാനിച്ച ശേഷം ലക്നോ(Lucknow), അഹമ്മദാബാദ് ടീമുകളെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലക്നോ ടീമിനെ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും(RPSG Group) അഹമ്മദാബാദിനെ ലക്സംബെർഗ് ആസ്ഥാനമായുള്ള സിവിസി ക്യാപിറ്റൽ പാർട്ണേഴ്സുമാണ് നേടിയത്.
🚨 NEWS 🚨: BCCI announces the successful bidders for two new Indian Premier League Franchises
More Details 🔽https://t.co/FSU4LsAxzj
— BCCI (@BCCI) October 25, 2021
ലോകത്താകെ വിവിധ കമ്പനികളിൽ സിവിസി ക്യാപ്പിറ്റലിന് വൻ നിക്ഷേപമുണ്ട്. ഇതിൽ വാതുവെപ്പ് കമ്പനികളും ഉൾപ്പെടും. വിദേശത്ത് വാതുവെപ്പ് പലരാജ്യങ്ങളിലും നിയമവിധേയമാണെങ്കിലും ഇന്ത്യയിൽ അനുമതിയില്ല. ഇതാണ് പുതിയ വിവാദത്തിന് കാരണം. കഴിഞ്ഞ ദിവസം ഐപിഎൽ മുൻ ചെയർമാൻ ലളിത് മോഡി വാതുവെപ്പ് കമ്പനിക്ക് ടീം നൽകുന്നതിനെതിരെ ബിസിസിഐയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ വാതുവെപ്പ് കമ്പനിയെ സിവിസി ക്യാപ്പിറ്റൽ ഏറ്റെടുത്തു എന്നത് അയോഗ്യതയല്ലെന്നാണ് ബിസിസിഐ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വലിയ സാമ്പത്തിക പരിശോധന നടത്തിയിട്ടും ഇത്തരമൊരു കാര്യം ശ്രദ്ധിക്കാതിരുന്നതിൽ ആക്ഷേപം ശക്തമാണ്.പുതിയ സാഹചര്യത്തിൽ സിവിസി ക്യാപ്പിറ്റലിനെ സൂഷ്മമായി നിരീക്ഷിക്കാനാണ് ബിസിസിഐ തീരുമാനം.
അഹമ്മദാബാദ് ടീമിനായി തുടക്കം മുതൽ മുന്നിലുണ്ടായിരുന്ന അദാനി ഗ്രൂപ്പ് സിവിസി ക്യാപ്പിറ്റലിനെതിരെ പരാതി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. അഹമ്മദാബാദ് ഉറപ്പിച്ചിരുന്ന അദാനിയെ ഞെട്ടിച്ചാണ് ഉയർന്ന ടെന്‍ഡർ തുകയുമായി അവസാന നിമിഷം സിവിസി ക്യാപ്പിറ്റൽ ടീമിനെ സ്വന്തമാക്കിയത്.
7500 കോടി അമേരിക്കൻ ഡോളർ ആസ്തിയുള്ള കമ്പനിയാണ് സിവിസി ക്യാപ്പിറ്റൽ. ഡ്രീം ഇലവനും എംപിഎല്ലും ഐപിഎല്ലിനെയും ഇന്ത്യൻ ടീമിനെയും സ്പോൺസർ ചെയ്യുമ്പോൾ സിവിസി ക്യാപ്പിറ്റലിനെതിരെ നടപടിയെടുക്കുമോയെന്നും കണ്ടറിയണം. ഐപിഎല്ലിൽ 2013ൽ നടന്ന വാതുവെപ്പ്, ഒത്തുകളി ആരോപണങ്ങളെത്തുടർന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും രണ്ട് സീസണിൽ വിലക്ക് നേരിട്ടിരുന്നു.