ഇന്നും കൂട്ടി ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ വില 110 കടന്നു, രാജസ്ഥാനില്‍ 120 ലെത്തി

0
192

തിരുവനന്തപുരം: ഇടവേളകളില്ലാതെ സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.

രാജ്യത്ത് 120 രൂപയും കഴിഞ്ഞ് ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയർന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയിൽ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.

അതേസമയം ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയത്. ഇപ്പോൾ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. 2011-ൽ 34,000 ബസുകൾ ഉണ്ടായിരുന്നെങ്കിൽ കോവിഡിനുമുൻപ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോൾ 6000 ബസുകളാണ് നിരത്തിലുള്ളത്.

മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റർ നിരക്ക് ഒരുരൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

LEAVE A REPLY

Please enter your comment!
Please enter your name here