നൗകൽപൻ (മെക്സിക്കോ)∙ വനിതാ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽനിന്നുള്ള കൗതുകവാർത്തകൾക്ക് വിരാമമില്ല. ലോകകപ്പിന്റെ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ 12 റൺസിനു പുറത്തായ അർജന്റീനയെ ബ്രസീൽ തോൽപ്പിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയതെങ്കിൽ, ഇത്തവണ അതിലും രസമുള്ളൊരു വാർത്തയാണ് ആരാധകരെ തേടിയെത്തിയത്. ആ വാർത്തയിലും ബ്രസീൽ വനിതാ ടീമുണ്ട്; ഇക്കുറി അവരുടെ എതിരാളികൾ കാനഡ വനിതകളും!
17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബ്രസീൽ വനിതകൾ കാനഡയ്ക്കു മുന്നിൽ ഉയർത്തിയത് 49 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡയ്ക്ക് അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ അവസാന ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് രണ്ടു റൺസ് മാത്രം. കാനഡ ജയിച്ചെന്ന് ഉറപ്പിച്ചിരിക്കെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തിൽത്തന്നെ ബാക്കിയുണ്ടായിരുന്ന അഞ്ച് കാനഡ ബാറ്റർമാരും പുറത്തായി! ഫലമോ, മത്സരം തോറ്റെന്ന് ഉറപ്പിച്ച ബ്രസീൽ വനിതകൾക്ക് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം!
By the bearest of all margins!
. W W W W W #worldcupqualifiers #TeamBrazil #WhatAMoment pic.twitter.com/0KLzhiVS3D
— Cricket Brasil (@brasil_cricket) October 26, 2021
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബ്രസീൽ വനിതകൾ നിശ്ചിത 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 48 റൺസ് നേടിയത്. 32 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസെടുത്ത ക്യാപ്റ്റൻ റോബർട്ട ആവേരിയായിരുന്നു ബ്രസീലിന്റെ ടോപ് സ്കോറർ. ബ്രസീൽ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ പോലുമായില്ല.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ വനിതകൾ 16 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലായിരുന്നു. ടീമിന്റെ ടോപ് സ്കോറർ കൂടിയായ മുഖ്‌വിന്ദർ സിങ് 26 പന്തിൽ 18 റൺസോടെയും ക്രിമ കപാഡിയ 24 പന്തിൽ ഒൻപതു റൺസോടെയും ക്രീസിൽ. രണ്ടു റണ്ണെടുത്താൽ ടൈയും മൂന്നു റൺസെടുത്താൽ വിജയവും എന്ന നിലയിൽ നിൽക്കെ കാനഡയ്ക്ക് സംഭവിച്ചത് അവിശ്വസനീയ ബാറ്റിങ് തകർച്ച.
ബ്രസീലിനായി ലൗറ കാർഡോസോ എറിഞ്ഞ ആദ്യ പന്തിൽ ക്രിമ കപാഡിയ റണ്ണൗട്ട്. 24 പന്തിൽ ഒൻപതു റൺസുമായി താരം മടങ്ങി. പിന്നാലെ വന്ന ഹാല അസ്മത്ത്, ഹിബ ഷംഷാദ്, സന സഫർ എന്നിവരെ ഗോൾഡൻ ഡക്കാക്കി കാർഡോസോ ഹാട്രിക് തികച്ചു. അഞ്ചാം പന്തിൽ കാനഡയുടെ ടോപ് സ്കോറർ മുഖ്‌വീന്ദർ ഗിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം! കാനഡ ടീമിൽ ആറു പേരാണ് ‘സംപൂജ്യ’രായത്!