തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടികൾ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രാ സ്വദേശികൾക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയിൽ പുരോഗമിക്കുന്ന നടപടികളാണ് താൽകാലികമായി സ്റ്റേ ചെയ്തത്. വിഷയത്തിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ചതാണോ ദത്ത് നൽകിയതാണോ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയോട് കോടതി ചോദിച്ചു. ഈ വിഷയത്തിൽ ശിശുക്ഷേമ സമിതി വിശദീകരിക്കണമെന്നും കുടുംബ കോടതി നിർദേശിച്ചു. കേസിൽ കക്ഷി ചേരുന്നത് അടക്കമുള്ള അനുപമയുടെ അപേക്ഷ നവംബർ ഒന്നിന് കോടതി പരിഗണിക്കും. കുഞ്ഞിനെ ദത്ത് നൽകിയത് സംബന്ധിച്ച് ഒരു തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചത്. ദത്ത് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നതായും അഭിഭാഷകൻ അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ടുവെച്ചത്.
കുഞ്ഞിന്റെ പൂര്‍ണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ആന്ധ്രാ ദമ്പതികള്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ ഹർജി നല്‍കിയത്.