‘രോഗവ്യാപനം കുറയുന്നു, 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി’

0
206

തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കോവിഡ് കേസുകളുടെ വർധനയിൽ അഞ്ചുശതമാനം കുറവുണ്ടായി. കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് 8 ശതമാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരിൽ പകുതിയും വാക്സീൻ എടുക്കാത്തവരാണ്. മരിക്കുന്നവരിൽ 57.6 ശതമാനം പേരും വാക്സീൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്കു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കാം. ബാറുകളില്‍ ഇരുന്നു മദ്യപിക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. എസി പാടില്ല. ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും തൊഴിലാളികളും രണ്ടു ഡോസ് വാക്സീൻ എടുത്തവരാകണം.

ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകള്‍ തുറക്കുമ്പോൾ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എല്ലാ സ്കൂളുകളിലും ഉടൻ പിടിഎകൾ പുനഃസംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here