കോഴിക്കോട്: മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമുദായത്തെ മറന്നുള്ള രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ നിയോഗിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മുന്‍ ഭാരവാഹികള്‍ക്കെതിരെ ലീഗ് നേതാക്കളും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
‘ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന ബോധം മറക്കരുത്”. നൂർബിന പറഞ്ഞു. സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവർത്തിക്കരുതെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ് വ്യക്തമാക്കി.
ലീഗിനെ മാറ്റി നിർത്തി ഒരു പോഷക സംഘടനയ്ക്കും നിലനിൽപ്പില്ല. മുസ്‌ലിം ലീഗിന്റെ ഭരണഘടനയിൽ എവിടെയും ലിംഗരാഷ്ട്രീയമില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. ഭർത്താവിനും കുട്ടികൾക്കും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃകയെന്നും നൂർബിന വ്യക്തമാക്കി.
ഹരിത മുന്‍ ഭാരവാഹികള്‍ക്കെതിരെ പരോക്ഷ വിമര്‍ശമുയര്‍ത്തിയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ വാക്കുകള്‍. വൈകാരികതയിൽ മുങ്ങിയ സമൂഹമല്ല എംഎസ്എഫിനും ഹരിതയ്ക്കും വേണ്ടതെന്നും യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ നേരിടുന്നവരെയാണ് ആവശ്യമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞുമുള്ള നിലപാടാണ് പുതിയ ഹരിത നേതൃത്വം എടുത്തത്. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. പൊതു ബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും പുതിയ ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു. സിഎച്ച് സെന്‍ററില്‍ നടന്ന സിഎച്ച് അനുസ്മരണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍, പാര്‍ട്ടി നേതൃത്വത്തോടുളള കൂറും വിധേയത്വത്തിനുമാകും പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി.