ബൈക്കില്‍ കടത്തിയ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; വില്‍പ്പനക്ക് സൂക്ഷിച്ച ബിയര്‍ പിടിച്ചു

0
304

ബന്തിയോട്: കഞ്ചാവ്, മദ്യക്കടത്ത് പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി കുമ്പള എക്‌സൈസ് സംഘം. ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവും വില്‍പ്പനക്ക് സൂക്ഷിച്ച ബിയറും പിടികൂടി. ബന്തിയോട് അട്ക്ക റോഡില്‍ വെച്ചാണ് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 232 ഗ്രാം കഞ്ചാവുമായി ഉപ്പള സന്തടക്കയിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന മുനീറി (42)നെ അറസ്റ്റ് ചെയ്തത്. കുമ്പള പെര്‍വാഡ് ഫിഷറീസ് കോളനിയിലേക്കുള്ള റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 25 കുപ്പി ബിയര്‍ പിടികൂടി. ഇവിടെ നിന്ന് എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട കെ.എന്‍. വിജേഷിനെതിരെ എക്‌സൈസ് കേസെടുത്തു. ശനിയാഴ്ച്ച വൈകിട്ടാണ് ബന്തിയോട് അട്ക്ക റോഡില്‍ പരിശോധന നടത്തിയത്. ബൈക്കില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബൈക്കും കഞ്ചാവും കസ്റ്റഡിലെടുത്തു. മുനീര്‍ പല പ്രാവശ്യം കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.വി. രാജിവന്‍, ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. സുധീഷ്, വി. പ്രസന്നകുമാര്‍, എം. ശ്രിജീഷ്, എം.എം. അഖിലേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കര്‍ണാടയില്‍ നിന്ന് അനധികൃതമായി മദ്യക്കടത്ത് വര്‍ധിച്ചു വരുന്ന സഹചര്യത്തിലും കഞ്ചാവ് വ്യാപകമായി കടത്തുന്നതുമായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. രാത്രികാലത്ത് പൊലീസിന്റെ പരിശോധന കുറഞ്ഞത് ഇത്തരം മാഫിയകള്‍ക്ക് ആശ്വാസമായിരുന്നു. രാത്രികാലങ്ങളില്‍ വ്യാപകമായി കഞ്ചാവ്, മദ്യം കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രികാല പരിശോധന കര്‍ശനമാക്കും. കഞ്ചാവ്, മദ്യ കടത്ത് കേസുകളില്‍ പരിശോധന സമയത്ത് ഓടി രക്ഷപ്പെട്ട പ്രതികളേയും വാറണ്ടുള്ള പ്രതികളേയും കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കിയതായും എക്‌സൈസ് സംഘം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here