ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്. ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയായും ഡീസല്‍ 68 രൂപയായും കുറയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസല്‍ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിക്കുന്നത്.
നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസലിന് 88.62 രൂപ നല്‍കണം. പെട്രോള്‍ വിലയില്‍ 32 ശതമാനം കേന്ദ്രനികുതിയാണ്. സംസ്ഥാന നികുതി 23.07 ശതമാനം വരും. ഡീസല്‍ വിലയില്‍ കേന്ദ്രനികുതി കൂടുതലാണ്. വിലയുടെ 35 ശതമാനം വരും കേന്ദ്രനികുതി. സംസ്ഥാന നികുതി 14 ശതമാനം മാത്രമാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്ര വരുമാനത്തിന്റെ നല്ലൊരുഭാഗവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരുകളും മുഖ്യമായി പിടിച്ചുനില്‍ക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ നിന്നാണ്. അതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി യോഗം നിര്‍ണായകമാണ്.