പള്ളിയില്‍നിന്ന് മടങ്ങി വരികയായിരുന്ന ജനനായക കച്ചി നേതാവിനെ വെട്ടിക്കൊന്നു (വീഡിയോ)

0
679

വെല്ലൂര്‍: വാണിയമ്പാടി ടൗണ്‍ മുന്‍ കൗണ്‍സിലറും മണിത്താനേയ ജനനായക കച്ചി മുന്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയുമായ വാസിം അക്രമിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. പള്ളിയില്‍നിന്നു മടങ്ങി വരികയായിരുന്ന വാസിമിനെ കാറിലെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് സംഭവം.

വാസിമിനെ മൃഗീയമായി വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നമസ്‌കാരം കഴിഞ്ഞ് റോഡിലെ നടന്നുവരികയായിരുന്ന വാസിമിനെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തില്‍നിന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വാസിമിനെ സംഘം തടയുകയും തള്ളിയിട്ട് വെട്ടുകത്തിയും വാളുകളും ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

നിരവധി വെട്ടുകളേറ്റു നിലത്തുവീണ വാസിം സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. അതേസമയം, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാണിയമ്പാടി ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം മണിത്താനായ ജനനായക കച്ചിയുടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ വാണിയമ്പാടി ടൗണ്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വാണിയമ്പാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. വാടകക്കൊലയാളികളാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here