കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടേയും സാംപിൾ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയ ലാബിൽ പരിശോധിക്കും. ഇൻക്യുബേഷൻ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ കിടത്തും. എട്ടുപേർക്കും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.