ഉഡുപ്പി ∙ നടുറോഡിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. ഉഡുപ്പി അലെവൂർ രാംപുരയിലെ സന്ദേശ് കുലാൽ(28), അമ്പാഗിലുവിലെ സൗമ്യശ്രീ ഭണ്ഡാരി(28) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പി സന്തെക്കട്ടെയിലാണു സംഭവം. ദേശീയപാതയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യശ്രീയെ സന്ദേശ് തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വയം കഴുത്തു മുറിച്ചു. ഇരുവരെയും മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗമ്യശ്രീ വഴിമധ്യേ മരിച്ചു. സന്ദേശ് ഇന്നലെ രാവിലെയാണു മരിച്ചത്.
ഇരുവരും തമ്മിൽ 8 വർഷത്തോളമായി പ്രണയത്തിൽ ആയിരുന്നെന്നു പറയുന്നു. എന്നാൽ സൗമ്യശ്രീയുടെ വീട്ടുകാർ ഇതിന് എതിരായിരുന്നു. 3 ദിവസം മുൻപ് ഇവർ മറ്റൊരു യുവാവുമായി സൗമ്യശ്രീയുടെ വിവാഹം ഉറപ്പിച്ചു. ഇതാണു സന്ദേശിനെ കൃത്യത്തിനു പ്രേരിപ്പിച്ചത് എന്നാണു പൊലീസ് പറയുന്നത്.