തൃക്കാക്കര നഗരസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്

0
218

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മൂന്ന് ലീഗ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. ഇതിനിടെ കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന വിപ്പ് വാങ്ങാന്‍ വിസമ്മതിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി.

യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കി. പക്ഷേ, തൃക്കാക്കരയില്‍ സസ്പെൻസ് നീളുകയാണ്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന് തലവേദന സൃഷിടിക്കുന്നത് മുസ്ലിം ലീഗ് ആണ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കാനാണ് യുഡിഎഫിന്‍റെ പൊതു തീരുമാനം. എന്നാൽ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് ചേർന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന‍്ററി ബോര്‍ഡ് യോഗം മൂന്ന് അംഗങ്ങൾ ബഹിഷ്കരിച്ചു. സജിന അക്ബര്‍, ദിനൂപ് , ഷിമി മുരളി എന്നിവരാണ് യോഗത്തില്‍നിന്ന് വിട്ടു നിന്നത്. ലീഗിനോട് കോണ്ഗ്രസ് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. യുഡിഎഫിലെ ധാരണയ്ക്ക് വിരുദ്ധമായി നാളത്തെ കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

ഇതിനിടെ കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന വിപ്പ് വാങ്ങാന്‍ വിസമ്മതിച്ച 4 കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി. ഇന്നലെ വൈകിട്ട് ഡിസിസി അദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജനയോഗത്തിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്‍റെ കൈയില്‍നിന്ന് ഇവര്‍ നേരിട്ട് വിപ്പ് ഏറ്റുവാങ്ങി

സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന് 22 പേരുടെ പിന്തുണ വേണം. കൗണ്‍സിൽ ബഹിഷ്ക്കരിച്ചാല്‍ പ്രമേയം തന്നെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിച്ച ദിവസം ലീഗ് അംഗങ്ങള്‍ വിമത ശബ്ദം ഉയര്‍ത്തിയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ബാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here