കൊവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും

0
237

തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ . ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്.

ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തിൽ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടർ ഉൾപ്പടെ അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം. നടപടികൾ പരമാവധി ഓൺലൈൻ ആയിരിക്കും. കൊവിഡ് മരണത്തിൽ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.

പരാതികൾ ഉന്നയിക്കാൻ പോർട്ടൽ സംവിധാനവും തയാറായി വരികയാണ്. നിലവിൽ പട്ടികയിൽ ഉള്ളവരുടെ വിവരം അറിയാൻ ഡെത് ഇൻഫർമേഷൻ പോർട്ടലിൽ സൗകര്യമുണ്ട്. ജില്ലാ തലത്തിൽ കൊവിഡ് മരണം നിർണയ സമിതിയാണ് മരണം സംബന്ധിച്ച രേഖകൾ നൽകുക.

മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷൻ രേഖകൾ സഹിതം അപേക്ഷിക്കണം. പരാതികൾ ഉള്ള മരണ സർട്ടിഫിക്കറ്റുകൾ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാർ​ഗനിർദേശം പ്രകാരം ചേർത്ത മരണം പട്ടികയിൽ പ്രത്യേകം ചേർക്കും.

LEAVE A REPLY

Please enter your comment!
Please enter your name here