കൊച്ചി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.
എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ജലീല്‍ ഇ.ഡി.ഓഫീസിലെത്തിച്ചതെന്നാണ് സൂചന.
ഇന്ന് രാവിലെ 10.45 ഓടെയാണ് എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ കൊച്ചിയിലെ ഇ.ഡി.ഓഫീസിലെത്തിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് ജലീല്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീലിനെ ഇ.ഡി.വിളിപ്പിച്ചത്.
ജലീലിന്റെ ആരോപണം
എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നാണ് ജലീലിന്റെ ആരോപണം. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു. ചന്ദ്രിക അക്കൗണ്ട് വഴിയും കള്ളപ്പണ ഇടപാട് നടത്തിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ഇതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍. കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ അക്കൌണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്.
ഇ.ഡി.ആസ്ഥാനത്ത് പരസ്യമായി തന്നെ ജലീല്‍
കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇത്തവണ എത്തിയത് പരസ്യമായി തന്നെ. എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ രാവിലെ 10.45 ഓടെയാണ് ജലീല്‍ ഹാജരായത്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ജലീല്‍ അതീവ രഹസ്യമായിട്ടായിരുന്നു ഇ.ഡി.ഓഫീസിലേക്കെത്തിയത്. പുലര്‍ച്ച സ്വകാര്യ വാഹനത്തിലായിന്നു മന്ത്രിയായിരിക്കെ അന്ന് അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നുത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ ജലീല്‍ പിന്നീട് എംഎല്‍എ ബോര്‍ഡ് വെച്ച വാഹനം വിളിച്ച് വരുത്തിയാണ് ഇ.ഡി.ഓഫീസിലേക്കെത്തിയത്.