ഉപയോഗം കഴി‍ഞ്ഞ പാചക എണ്ണ ഇനി ബയോ ഡീസൽ; ആദ്യ ഫാക്ടറി കാസർകോട്ട്

0
318

കാസർകോട് ∙ ഉപയോഗം കഴിഞ്ഞ പാചക എണ്ണയിൽ നിന്നുള്ള ബയോ ഡീസൽ ഉൽപാദനത്തിനു സംസ്ഥാനത്ത് ആദ്യ ഫാക്ടറി കാസർകോട്ട് തുറക്കും. സ്വകാര്യ മേഖലയിൽ അനന്തപുരം വ്യവസായ പാർക്കിൽ 5 കോടിയോളം ചെലവിട്ട് തുടങ്ങുന്ന ഫാക്ടറി 2 മാസത്തിനകം പ്രവർത്തനമാരംഭിക്കും. ഫാക്ടറിക്കായി 2 ഏക്കർ സ്ഥലം വ്യവസായ വകുപ്പ് നൽകിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്കുമാർ പറഞ്ഞു. ഫാക്ടറിയുടെ നിർമാണം പുരോഗമിക്കുകയാണ്. ഒമാൻ, ഖത്തർ, ടുണീഷ്യ എന്നിവിടങ്ങളിൽ ബയോ ഡീസൽ ഉൽപാദനം നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ.

തുടക്കത്തിൽ ദിവസവും 20 മെട്രിക് ടൺ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. നൂറോളം പേർക്ക് നേരിട്ടു ജോലി ലഭിക്കും. കേരളത്തിൽ ബേക്കറി യൂണിറ്റ്, ഹോട്ടൽ, റസ്റ്ററന്റ്, വീടുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സാധനങ്ങൾ വറുക്കുകയും പൊരിക്കുകയും ചെയ്ത ശേഷമുള്ള എണ്ണ ഈ ഫാക്ടറിയിലേക്കു ശേഖരിക്കും. 35 ലക്ഷം ജനസംഖ്യയുള്ള ഖത്തറിൽ 5 ലക്ഷം ലീറ്റർ എണ്ണ ഇങ്ങനെ ബയോ ഡീസൽ ഉൽപാദനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിൽ ഈ രീതിയിൽ 50 ലക്ഷത്തിലേറെ ലീറ്റർ എണ്ണ കിട്ടും.

ഇപ്പോൾ ഇവിടെ അനധികൃതമായി ഉപയോഗം കഴിഞ്ഞ എണ്ണ ശേഖരിച്ച്, ചില പൊടി ചേർത്ത് ഫിൽറ്റർ ചെയ്ത് തെളിഞ്ഞ എണ്ണ എന്ന പേരിൽ അടുക്കളകളിൽ  തിരികെ എത്തിക്കുകയാണ്. ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നതാണ് ഇതിന്റെ ഉപയോഗം. വിളക്കെണ്ണ എന്ന പേരിൽ വിൽക്കുന്നതും ഇതേ എണ്ണയാണ്. ഉപയോഗിച്ച എണ്ണ കേരളത്തിൽ 60 മുതൽ 65 രൂപ വരെ നൽകിയാണ്  ശേഖരിക്കുന്നത്. ഫിൽറ്റർ ചെയ്ത് 180 രൂപ വരെ വിലയ്ക്കു വിവിധ ബ്രാൻഡുകളിൽ വിൽക്കുന്നു. സോപ്പ് ഉൽപാദനത്തിനും ഉപയോഗിച്ച പാചക എണ്ണയാണ് ഉപയോഗിക്കുന്നുണ്ട്. ഇത് ത്വക് രോഗം ഉൾപ്പെടെ ഉണ്ടാക്കും. ഉപയോഗിച്ച പാചക എണ്ണ ഉപയോഗിച്ച് ബയോ ഡീസൽ ഉൽപാദനം നടത്തുന്നതിലൂടെ കേരളത്തിലെ ഈ ആരോഗ്യ പ്രശ്നത്തിനു പരിഹാരമാകും.

കാസർകോട് അനന്തപുരത്ത് ഒരുക്കുന്ന പ്ലാന്റിനു വേണ്ടി സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്ന്  ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതു വഴി ഉൽപാദിപ്പിക്കുന്ന ബയോ ഡീസൽ സംസ്ഥാനത്ത് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു വേണ്ടി നൽകും. ഇതര സംസ്ഥാനങ്ങളി‍ൽ ബയോ ഡീസൽ ഉൽപാദന പ്ലാന്റ് ഉണ്ടെങ്കിലും കേരളത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ഒരിടത്തും ഇല്ല. ബ്രിട്ടനിൽ നിന്നുള്ള സാങ്കേതിക വിദഗ്ധനും ഇന്ന് അനന്തപുരത്ത് നിർദിഷ്ട പ്ലാന്റ് നിർമാണ സ്ഥലം സന്ദർശിച്ച് കേരളത്തിലെ സാധ്യതകൾ വിലയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here