കോഴിക്കോട്: ഒമ്പത് വര്‍ഷം മുമ്പ് മോഷ്ടിച്ച ഏഴേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല തിരികെയേല്‍പ്പിച്ച് മോഷ്ടാവ്. തന്നോട് പൊറുക്കണമെന്ന കുറിപ്പ് സഹിതമാണ് മാല തിരികെയേല്‍പ്പിച്ചത്. പയ്യോളി തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. സെപ്റ്റംബര്‍ ഒന്നിന് രാവിലെ എണീറ്റ സ്ത്രീ ജനല്‍പ്പടിയില്‍ ഒരു പൊതിയിരിക്കുന്നത് കണ്ട് ഭയന്നു. രാത്രി കിടന്നപ്പോള്‍ ഇല്ലാത്ത പൊതി എങ്ങനെ രാവിലെ വന്നു എന്നതാണ് പേടിക്കാനുള്ള കാരണം. ഒരു വടിയെടുത്ത് പൊതിതുറന്ന് പരിശോധിച്ചപ്പോഴാണ് ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മാലയുടെ അതേ മോഡലില്‍ മറ്റൊരു മാല കണ്ടത്, കൂടെ ഒരു കുറിപ്പും.
”കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ വീട്ടില്‍ നിന്ന് ഇങ്ങനെ ഒരു സ്വര്‍ണാഭരണം ഞാന്‍ അറിയാതെ എടുത്തുകൊണ്ടുപോയി. അതിന് പകരം ഈ മാല സ്വീകരിച്ച് പൊരുത്തപ്പെടണം”-ഇതായിരുന്നു കത്തിലുണ്ടായിരുന്നു.
അലമാരയില്‍ സീക്ഷിച്ച സ്വര്‍ണമാല കളഞ്ഞുപോയതെന്നായിരുന്നു സ്ത്രീയുടെയും വീട്ടുകാരുടെയും ധാരണ. അന്ന് കുറേ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. കളഞ്ഞുപോയെന്ന് കരുതിയതിനാല്‍ പൊലീസില്‍ പരാതിപ്പെടാനും നിന്നില്ല. ഏഴേകാല്‍ പവന്റെ മാലയാണ് കളഞ്ഞുപോയത്. ഇപ്പോള്‍ കിട്ടിയത് ഏഴുപവന്റെ തൂക്കമേയുള്ളൂ. എന്നാലും അപ്രതീക്ഷിതമായി സ്വന്തം മാല കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍.