ഓർമ്മയില്ലേ സുൽത്താനെ? കുറച്ചു കാലം മുമ്പ് വാർത്തകളിൽ നിറഞ്ഞു നിന്ന് ആജാനബാഹുവായ പോത്തിന്റെ പേരായിരുന്നു സുൽത്താൻ ജോട്ടെ. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുൽത്താനെ വാർത്തകളിലെ താരമാക്കി മാറ്റിയത്. ഇപ്പോഴിതാ, സുൽത്താൻ ചത്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് സുൽത്താന്റെ അപ്രതീക്ഷിത അന്ത്യം
രാജസ്ഥാൻ കന്നുകാലി മേളയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു സുൽത്താൻ. നെയ്യായിരുന്നു സുൽത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരം മദ്യവും അകത്താക്കുമായിരുന്നു സുൽത്താൻ. ഹൃദയാഘാതം മൂലമാണ് സുൽത്താൻ മരിച്ചത്.
ഹരിയാനയിലെ പ്രശസ്തനായ സുൽത്താൻ ജോട്ടെ, അതിന്റെ അസാധാരണമായ വില കാരണം ശ്രദ്ധിക്കപ്പെട്ടു. 21 കോടി രൂപയായിരുന്നു വില. 2013 ൽ അഖിലേന്ത്യാ അനിമൽ ബ്യൂട്ടി മത്സരത്തിൽ ഹരിയാന സൂപ്പർ ബുൾ ജജ്ജാർ, കർണാൽ, ഹിസാർ എന്നീ പുരസ്ക്കാരങ്ങളും സുൽത്താൻ ജോട്ടെ സ്വന്തമാക്കിയിട്ടുണ്ട്.
ഹരിയാനയിലെ കൈത്തലിലെ ബുരാഖേര ഗ്രാമവാസിയായ നരേഷ് ബെനിവാലെയാണ് സുൽത്താനെ കുട്ടിക്കാലം മുതൽ വളർത്തിയത്. സുൽത്താന്റെ വില 21 കോടി രൂപയായി ഉയർന്നിട്ടും രാജസ്ഥാനിലെ പുസ്കർ കന്നുകാലി മേളയിൽ സുൽത്താനെ വിൽക്കാൻ ഉടമ നരേഷ് തയ്യാറായിരുന്നില്ല. എത്ര കോടികൾ ലഭിച്ചാലും സുൽത്താനെ വിൽക്കില്ലെന്നായിരുന്നു നരേഷ് അന്ന് പറഞ്ഞത്. സുൽത്താൻ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുൽത്താന് 6 അടി നീളവും ഒരു ടൺ ഭാരവുമുണ്ടെന്ന് ഉടമ നരേഷ് പറഞ്ഞു. സുൽത്താൻ ദിവസവും 10 ലിറ്റർ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും 12 കിലോ വൈക്കോലും കഴിച്ചു. വൈകുന്നേരങ്ങളിൽ വീര്യം കുറഞ്ഞ മദ്യവും വീഞ്ഞുമൊക്കെ കുടിക്കുന്നതും സുൽത്താന്റെ സവിശേഷതയാണ്.
കോടികൾ വില പറഞ്ഞിട്ടും സുൽത്താനെ വിൽക്കാൻ നരേഷ് തയ്യാറായിരുന്നില്ല. എന്നാൽ സുൽത്താൻ നരേഷിന് ജീവിതത്തിൽ വലിയ സമ്പാദ്യം സമ്മാനിക്കുകയും ചെയ്തു. പ്രശസ്തി രാജ്യവ്യാപകമായതോടെ സുൽത്താന്റെ ബീജത്തിനായുള്ള ആവശ്യവും കുതിച്ചുയർന്നിരുന്നു. ഒരു ഡോസിന് 306 രൂപ നിരക്കിൽ നരേഷ് ഒരു വർഷം ഏകദേശം 30,000 ഡോസ് സുൽത്താന്റെ ബീജം വിറ്റു. അങ്ങനെ പ്രതിവർഷം ലക്ഷക്കണക്കിന് രൂപ അദ്ദേഹം സമ്പാദിച്ചു.
ഒരു കുട്ടിയെപ്പോലെ വളർത്തിയ സുൽത്താന്റെ അപ്രതീക്ഷിത മരണം നരേഷിന് താങ്ങാവുന്നതിൽ ഏറെയാണ്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് സുൽത്താൻ മരിച്ചത്.