മംഗളൂരു : മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണക്കടത്ത് പിടിച്ചു. ഈ ഹാട്രിക്കോടെ മൊത്തം 947 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. പിടിയിലായ മൂന്നുപേരിൽ രണ്ടുപേർ കാസർകോട് സ്വദേശികളാണ്.
കാസർകോട് കളനാട് സ്വദേശി മുഹമ്മദ് റൗഫ് അബ്ദുള്ള (38) ആണ് ചൊവ്വാഴ്ച പിടിയിലായത്.
പുലർച്ചെ അഞ്ചുമണിക്ക് ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളുടെ ലഗേജിൽനിന്ന് 14 ലക്ഷം രൂപയുടെ 294 ഗ്രാം സ്വർണം കണ്ടെടുത്തു.
സ്വർണം പൊടിയാക്കി പായ്ക്കുചെയ്ത് രണ്ട് ബ്ലാങ്കറ്റുകൾ തുന്നിച്ചേർത്ത് അതിനിടയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ കെ. മധുകുമാർ, സൂപ്രണ്ടുമാരായ എൻ. ലളിത് രാജ്, കെ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിച്ചത്.
കാസർകോട് ഉള്ളോളിയിലെ മുഹമ്മദ് അജ്മൽ മുനിയൂർ തിങ്കളാഴ്ച വൈകീട്ട് പിടിയിലായിരുന്നു. 19,89,680 രൂപ വില വരുന്ന 418 ഗ്രാം സ്വർണം ഇയാളിൽനിന്ന് കണ്ടെടുത്തു. രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കിയ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ വെങ്കിട്ട നായിക്, സൂപ്രണ്ട് പി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിച്ചത്.
24 ബോഡിലോഷൻ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചുകടത്തിയ 8,44,100 രൂപ വിലമതിക്കുന്ന 235 ഗ്രാം സ്വർണാഭരണങ്ങളുമായി മംഗളൂരു ബണ്ട്വാളിലെ ഉമർ ഫറൂഖിനെ ഞായറാഴ്ച പിടികൂടിയിരുന്നു.