മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് അബ്ദുൾ റഹ്‌മാനാണ് തിങ്കളാഴ്ച വൈകിട്ട് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.
ഇയാളിൽനിന്ന് ഇന്ത്യൻ വിപണിയിൽ 14.69 ലക്ഷം രൂപ വിലവരുന്ന 310 ഗ്രാം സ്വർണം കണ്ടെത്തി. സ്വർണം പെയിന്റ് രൂപത്തിലാക്കി ഇയാൾ ധരിച്ചിരുന്ന പാന്റ്സിൽ തേച്ചുപിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കസ്റ്റംസ് അധികൃതർ ഇയാളെ കൂടുതൽ പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു സാദിഖ്.
സ്വയം ധരിക്കുന്ന വസ്ത്രത്തിന്റെ ഉൾഭാഗത്ത് സ്വർണം പെയിന്റ് രൂപത്തിൽ പൂശി കടത്താനുള്ള പുതിയ മാർഗമാണ് ഇന്ത്യയിലേക്ക് സ്വർണം കടത്താനായി കള്ളക്കടത്തുകാർ പരീക്ഷിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലും കഴിഞ്ഞമാസം സമാനരീതിയിലുള്ള സ്വർണക്കടത്ത് പിടിച്ചിരുന്നു.