ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്‌റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി 10316 മദ്‌റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്‌റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.
മദ്‌റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്‌റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്‌റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി
‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന ‘ബോധന യത്‌നം’ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.