പാറ്റ്ന: അബദ്ധത്തിൽ ബാങ്ക് അക്കൗണ്ടിൽ എത്തിയ 5.5 ലക്ഷം രൂപ തിരികെ നൽകാൻ തയ്യാറാവാതെ യുവാവ്. അധികാരത്തിലെത്തുന്നതിന് മുമ്പ് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയുടെ ആദ്യ ഗഡുവാണ് ഈ തുകയെന്നാണ് യുവാവിന്റെ അവകാശവാദം.
ബിഹാറിലെ ഗാഗറിയ സ്വദേശിയായ രഞ്ജിത് ദാസ് ആണ് ബാങ്കിന് പണം കൈമാറാൻ തയ്യാറാവാതെ നിൽക്കുന്നത്. ഗ്രാമിൺ ബാങ്ക് അധികൃതരാണ് അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടത്. തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ആ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ തിരികെ നൽകാൻ യുവാവ് തയ്യാറാവുന്നില്ല.
‘ഇതെൻറെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല’ എന്നാണ് യുവാവ് ബാങ്ക് അധികൃതരോട് പറയുന്നത്. മാർച്ചിൽ അക്കൗണ്ടിലെത്തിയ പണം മുഴുവൻ താൻ ചെലവഴിച്ചതായും ഇനി അത് തിരികെ നൽകാൻ യാതൊരു നിവൃത്തിയുമില്ല എന്നും യുവാവ് പറയുന്നു. ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.