കൊല്‍ക്കത്ത: മഴയെ തുടർന്ന് വെള്ളം കയറിയ വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഖർദ സ്വദേശി രാജ ദാസ്, ഭാര്യ, മകന്‍ എന്നിവരുമാണ് മരിച്ചത്. ഇളയമകനായ നാല് വയസുകാരൻ രക്ഷപെട്ടു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രാജാദാസ്, ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. ഇളയ കുട്ടിയുടെ നിലവിളി കേട്ട് അയല്‍വീട്ടുകാര്‍ എത്തിയപ്പോഴാണ് മൂന്നുപേരും ഷോക്കേറ്റ് ബോധരഹിതരായി കിടക്കുന്നത് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ച് അവർ സ്ഥലത്തെത്തി ബൽറാം സേവാ മന്ദിർ സംസ്ഥാന ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി ദക്ഷിണ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. രണ്ടു ദിവസത്തിനിടെ ആറ് പേരാണ് ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ട്യൂഷൻ ക്ലാസിൽ സഹോദരിയെ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിൽ മുട്ടോളം വെള്ളത്തിലൂടെ നടക്കുന്നതിനിടെ ഇലക്ട്രിക് വയറിൽ ചവിട്ടി 14 വയസുള്ള ആൺകുട്ടി മരിച്ചു.