ഭർത്താക്കൻമാരുടെ ജീവൻ രക്ഷിക്കാൻ പരസ്പരം വൃക്ക ദാനം ചെയ്യാൻ തയാറായി മുന്നോട്ടുവന്നിരിക്കുകയാണ് ഈ ദമ്പതികൾ. ഡെറാഡൂൺ സ്വദേശികളായ ഹിന്ദു–മുസ്ലിം കുടുംബങ്ങളാണ് ഇത്തരത്തിൽ പരസ്പരം വൃക്ക കൈമാറിയത്.. ഇരുവരുടെയും ഭർത്താക്കൻമാർക്ക് വൃക്ക മാറ്റിവയ്ക്കൽ അത്യാവശ്യമായതോടെയാണ് പരസ്പരം സഹായിക്കാൻ ഇരുവരും തയാറായത്.
സുഷമയുടെ വൃക്ക സുൽത്താനയുടെ ഭർത്താവ് അഷ്റഫ് അലിക്കും. സുൽത്താനയുടെ വൃക്ക സുഷ്മയുടെ ഭർത്താവ് വികാസിനും മാറ്റിവച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ നാലുപേരും സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
രണ്ടര വർഷത്തിലേറെയായി വൃക്ക രോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഇവരുടെ ഭർത്താക്കൻമാർ. ഭാര്യമാർ വൃക്ക നൽകാൻ തയാറായി വന്നെങ്കിലും രക്തഗ്രൂപ്പുകൾ പരസ്പരം ചേരുന്നതായിരുന്നില്ല. അപ്പോഴാണ് സമാന ആവശ്യവുമായി ബുദ്ധിമുട്ടുന്ന ഇരു കുടുംബങ്ങളോടും ഡോക്ടർമാർ പരസ്പരം സംസാരിപ്പിക്കുന്നത്. രക്തഗ്രൂപ്പുകളും പരസ്പരം ചേരുമെന്ന് വന്നതോടെ രണ്ട് വീട്ടുകാർക്കും ആശ്വാസമായി. ദാതാവിന് പണം നൽകേണ്ട ആവശ്യവും ഇതോടെ ഒഴിവായി.