മഞ്ചേശ്വരം ഗോവിന്ദ പൈ കോളെജിൽ ലൈബ്രറിയുടെ പേരിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം: എം.എസ്.എഫ്

0
178

മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിൽ ലൈബ്രറിയുടെ പേരിൽ ആയിരങ്ങൾ പിഴ ഈടാക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ലൈബ്രറികളിൽ നിന്നെടുത്ത പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടർന്നാണ് വിദ്യാർഥികളിൽ നിന്നും ആയിരങ്ങൾ പിഴ ഈടാക്കുന്നത്. കോവിഡ് കാലത്ത് ഏറെ നാൾ കോളജുകൾ അടഞ്ഞ് കിടന്നതും യാത്രാ സൗകര്യമില്ലാത്തതും വിദ്യാർത്ഥികൾക്ക് കോളേജിൽ എത്താനും പുസ്തകങ്ങൾ തിരിച്ച് ഏൽപ്പിക്കാനും കഴിഞ്ഞില്ല. ഇതേ തുടർന്ന് പുസ്തകമെടുത്ത വിദ്യാർത്ഥികൾക്ക് മൂവ്വായിരവും അതിലധികവുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് പാവപ്പെട്ട വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന കോളജ് അധികൃതരുടെ നടപടി ഒരു കാരണവശാലും നീതികരിക്കാനാവില്ല. പിഴയടക്കാൻ സാധിക്കാത്ത പാവപ്പെട്ട വിദ്യാർത്ഥികളെ ടി.സി നൽകാതെയും മറ്റും ദ്രോഹിക്കുന്നതായും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ടി.സി ലഭിക്കാത്തതിനാൽ പലരുടെയും ഉപരി പഠനം പോലും പ്രതിസന്ധിയിലായിരിക്കുകയാണ്. പിഴ സർക്കാർ തീരുമാനപ്രകാരമെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പുസ്തകം തിരിച്ച് ഏൽപ്പിക്കാമെന്ന് വെച്ചാൽ വൻ തുക പിഴ നൽകാതെ പുസ്തകം സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ഈക്കാര്യത്തിൽ സർക്കാരിൻ്റെയോ സർവകലാശാലയുടെയോ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് എം.എസ്.എഫ് നേതൃത്വം നൽകുമെന്നും യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here