ഭാരത് ബന്ദ്: നാളെ എന്തൊക്കെ തുറന്നുപ്രവര്‍ത്തിക്കും, വാഹനങ്ങള്‍ ഓടുമോ? അറിയേണ്ട കാര്യങ്ങള്‍

0
337

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ രാവിലെ ആറ് മണി മുതല്‍ ആരംഭിക്കും. വൈകീട്ട് നാല് വരെയാണ് ഭാരത് ബന്ദ് നടക്കുക. കേരളത്തില്‍ ഇടതുപക്ഷ മുന്നണി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കും.

തിങ്കളാഴ്ച രാവിലെ ഭാരത് ബന്ദ് ആരംഭിക്കുന്നതോടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസികള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, പൊതുപരിപാടികള്‍, ചടങ്ങുകള്‍ എന്നിവെ ഉണ്ടാകില്ല. എന്നാല്‍ അവശ്യ സര്‍വീസുകളായ, മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രി, ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്ത സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍, എന്നിവയുള്ള എല്ലാ സേവനങ്ങളും ബന്ദില്‍ നിന്ന് ഒഴിവാക്കും. പാല്‍, പത്രം എന്നിവ യാതൊരു തടസവുമില്ലാതെ എത്തും.

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി പതിവ് സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ 27ന് രാവിലെ 06.00 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

27-09-2021 ന് വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുന്നതുമാണ്. അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുന്നതാണെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

സംസ്ഥാനത്ത് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് നാളെ നിരത്തുകളില്‍ ഉണ്ടാകും. പിഎസ്സി, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിയോ എന്നത് സംബന്ധിച്ചുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.

അതേസമയം, നാളെ നടക്കുന്ന ഭാരത് ബന്ദിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബന്ദിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കേരളം കൊവിഡില്‍ വലയുമ്ബോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കര്‍ഷകസമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്‌നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡില്‍ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരും ആലോചിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here