ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലാകും; സെപ്റ്റംബര്‍ 27 ന് വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യം

0
398

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ സമിതി തീരുമാനിച്ചു.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.

പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.

രാവിലെ എല്ലാ തെരുവുകളിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും.

വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമിതി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സെക്രട്ടറി എളമരം കരീം, കണ്‍വീനര്‍ കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here