ഭര്‍ത്താവിന് മുജാഹിദ് ബാലുശ്ശേരിയുമായി ബന്ധം; ഐ.എസിലെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല: പ്രജുവിന്റെ ഭാര്യ

0
473

കോഴിക്കോട്: ഭീകര സംഘടനയായ ഐ.സില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞ ബാലുശ്ശേരി സ്വദേശി പ്രജു എന്ന മുഹമ്മദ് അമീന്‍ എട്ടു വര്‍ഷം മുമ്പ് നാടുവിട്ടതാണെന്ന് ഭാര്യ. സലഫി പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി ഇയാള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് ഭര്‍ത്താവ് നാടുവിട്ടതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി ന്യൂസ് 18 നോടു പറഞ്ഞു.

2008ലാണ് മതം മാറിയ പ്രജു എന്ന മുഹമ്മദ് അമീനുമായി യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതായി. മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നു. പക്ഷെ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചു.

‘വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പ്രജു മതം മാറിയിരുന്നു. പക്ഷെ പ്രജുവിന്റെ വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. നല്ല മാന്യമയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തയ്യാറായത്. മുജാഹിദ് വിഭാഗത്തിന്റെ ആശയവുമായി നല്ല ബന്ധമായിരുന്നു. മുജാഹിദ് ബാലുശ്ശേരയുടെ പ്രഭാഷണങ്ങളാണ് സ്ഥിരം കേട്ടിരുന്നത്. സുന്നി പണ്ഡിതന്‍മാരുമായുള്ള സംവാദങ്ങള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടക്ക് തബ്ലീഗ് ജമാഅത്തില്‍ ആകൃഷ്ടനായി. തന്നോടും മകനോടും തബ്ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ സുന്നികളാണ്. അതുവിട്ട് ഒരിടത്തേക്കുമില്ലെന്ന് പറഞ്ഞു’- പ്രജുവിന്റെ ഭാര്യ പറയുന്നു.

ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല. കേരളത്തിലോ പുറത്തോ എവിടയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയത്. മുഖ്യമന്ത്രി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടിയിരിക്കയാണ്. ഐ.എസ് ആശയങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല. ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി. കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തു. ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ഭര്‍ത്താവ് ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്നുവെന്ന് അറിയുന്നത്. ഇതോടെ മാനസികമായി തകര്‍ന്നിരിക്കയാണ്. വാര്‍ത്ത പ്രചരിച്ചത് മുതല്‍ സമൂഹത്തില്‍ ഒറ്റപ്പെടല്‍ അവനുഭവിക്കുന്നുണ്ട്. എല്ലാവരും പേടിയോടെയാണ് കാണുന്നത്. എനിക്കും കുടുംബത്തിനും ഇത്തരം ആശയങ്ങളുമായി ഒരു ബന്ധവുമില്ല. പിതാവ് ഐ.എസിലാണെന്ന വാര്‍ത്ത വന്ന സാഹചര്യത്തില്‍ ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്നും യുവതി പറയുന്നു.

കൂലിപ്പണി ചെയ്താണ് മാതാവും മകനുമുള്‍പ്പെടുന്ന കുടുംബത്തെ നോക്കുന്നതെന്ന് യുവതി പറഞ്ഞു. ആകെയുണ്ടായിരുന്ന സമ്പാദ്യമാണ് വീടും പുരയിടവും അതിപ്പോള്‍ പണയത്തിലാണ്. ഇരുപത് ലക്ഷം രൂപ വേണമെന്നാണ് വായ്പയെടുത്തയാള്‍ ആവശ്യപ്പെടുന്നത്.

2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് പ്രജു. പിന്നീട് വന്നിട്ടില്ല. ഇതോടെ തന്റെ വാഹനവും നഷ്ടപ്പെട്ടു. ഈ വാഹനത്തിന്റെ വായ്പയും തന്റെ ബാധ്യതയായി മാറി. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി ന്യൂസ് 18 നോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here