രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ പലര്‍ക്കും ഭരണ പരിജയമില്ലെന്ന കണ്ടെത്തലിന്റെ അടിസഥാനത്തില്‍ പരിശീലനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് മന്ത്രിമാര്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറാം ദിനം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ക്ക് വേണ്ടത്ര മികവ് കാട്ടാനാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കണം എന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 30നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ അയച്ചത്. ഒന്നാം തീയ്യതി ചേര്‍ന്ന കാബിനറ്റിലെ ഔട്ട് ഓഫ് അജന്‍ഡയായി (നമ്പര്‍. 222) വന്ന പ്രൊപ്പോസലിന് കാബിനറ്റ് അംഗികാരം നല്‍കുകയായിരുന്നു. അന്ന് തന്നെ ഉത്തരവും പുറപ്പെടുവിച്ചു. ഈ മാസം 20, 21, 22 തീയ്യതികളിലായാണ് പരിശീലനം. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്ലാസുകള്‍. മുന്‍ മന്ത്രിമാരടക്കം ക്ലാസില്‍ അധ്യാപകരായെത്തും.
മന്ത്രിസഭയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ പലര്‍ക്കും ഭരണത്തിലെ പരിജയക്കുറവ് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഭരണകാര്യങ്ങളില്‍ പരിശീലനം നല്‍കാനാണ് ക്ലാസെന്നും സര്‍കക്കാര്‍ ഉത്തരവിലും പറയുന്നു. ഐഎംജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിലവ് സര്‍ക്കാരാണ് വഹിക്കുക.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ആര്യാ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ മേയര്‍സ്ഥാനത്ത് എത്തിയപ്പോള്‍ ഭരണത്തില്‍ മുന്‍പരിജയമില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ ആലോടനകള്‍ നടന്നിരുന്നു. സര്‍ക്കാരിന്റെ നൂറാം ദിനം പിന്നിട്ടപ്പോള്‍ ആരോഗ്യമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ ഏറെ വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രൊപ്പോസല്‍ ലഭിച്ച് പിറ്റേദിവസം തന്നെ മന്ത്രിസഭാ യോഗം പരിശീലനത്തിന് അനുമതി നല്‍കി ഉത്തരവിറക്കിയതെന്ന് വ്യക്തം.