കാസര്‍കോട്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി നിര്‍മ്മാണ കമ്പനി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതായി പരാതി. കാസര്‍കോട് പലയിടത്തും നേരത്തെ സ്ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ മാറി വേറെ കല്ല് സ്ഥാപിച്ചതായാണ് ആക്ഷേപം.
കാസര്‍കോട് അണങ്കൂറിലെ പ്രസാദിന്‍റെ വീട്ടില്‍ ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാനായി നിര്‍മ്മാണ കമ്പനി അടയാളമിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥര്‍ വന്ന് പുതിയ അടയാളമിട്ടു. നേരത്തെ സ്ഥലം ഏറ്റെടുത്തതില്‍ നിന്നും അധികം സ്ഥലമാണ് പുതിയ അടയാളത്തില്‍. നുള്ളിപ്പാടിയിലും ഇത് തന്നെയാണ് അവസ്ഥ. മീറ്ററുകള്‍ അധികം ഏറ്റെടുത്ത് വേറെ കല്ല് സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.
ദേശീയ പാതാ അക്വിസിഷന്‍ വിഭാഗം ഉടമകളില്‍ നിന്ന് ഭൂമി അക്വയര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കല്ല് സ്ഥാപിച്ചിരുന്നു. ഇതില്‍ പലതിലുമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അണങ്കൂര്‍, വിദ്യാനഗര്‍, കുമ്പള, ഉപ്പള ഭാഗങ്ങളില്‍ നിന്നായി നൂറോളം പരാതികളാണ് ദേശീയ പാത സ്ഥലമെടുപ്പ് വിഭാഗത്തിന് ഇത് സംബന്ധിച്ച് ലഭിച്ചത്. എന്നാല്‍ നടപ്പാത അടക്കം 45 മീറ്റര്‍ വീതി കണക്കാക്കിയാണ് കല്ലുകള്‍ സ്ഥാപിച്ചതെന്നാണ് നിര്‍മ്മാണ കമ്പനിയുടെ വിശദീകരണം.