ദേശീയപാതയോരത്തെ പക്ഷിക്കൂടുള്ള മരങ്ങൾ മുറിക്കുന്നത് കിളികൾ പറന്നു പോയ ശേഷം മാത്രം

0
269

കാസർകോട്: തണ്ണീർത്തട പക്ഷികളുടെ കൂടുകളുള്ള മരങ്ങൾ ഇനി മുറിക്കുന്നത് രണ്ടാഴ്ചയ്ക്കു ശേഷം മാത്രം. കുഞ്ചത്തൂരിനു സമീപം മരങ്ങളിലെ പക്ഷിക്കൂടുകളിൽ ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ ഉണ്ടെന്നതു പരിഗണിച്ചാണ് ഈ നിർദേശം. ഇവ പറന്നു മാറിക്കഴിഞ്ഞു മാത്രമേ ഈ മരങ്ങൾ ഇനി മുറിക്കൂ. വനംവകുപ്പ് അധികൃതർ ഇതു സംബന്ധിച്ച് കരാറുകാർക്കും ദേശീയപാത അതോറിറ്റി എൻജിനീയർക്കും നിർദേശങ്ങൾ നൽകി.

തലപ്പാടി– ചെർക്കള റീച്ചിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുന്ന ജോലികൾക്കു തുടക്കമായിരുന്നു. ദേശീയ പാതയോരത്തെ മഴ മരങ്ങളിലാണ് പക്ഷികൾ പ്രധാനമായും കൂടു കൂട്ടുന്നത്. വെട്ടിയിട്ട മരച്ചില്ലകൾക്കിടയിൽ ജീവനു വേണ്ടി പിടയുന്ന പക്ഷിക്കുഞ്ഞുങ്ങളെ കണ്ട നാട്ടുകാരനായ അജീഷ് വിളിച്ചറിയിച്ചതനുസരിച്ചാണ് പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും സ്ഥലത്തെത്തിയത്. വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. 45 പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണു പരുക്കേറ്റു മരിച്ചെന്നു നാട്ടുകാർ പറഞ്ഞു.

കൂടുകളുള്ള 6 മരങ്ങൾ പക്ഷിക്കുഞ്ഞുങ്ങൾ പറന്നു പോയ ശേഷം മാത്രമേ മുറിക്കൂ എന്ന് ദേശീയപാതാ അധികൃതർ ഇവർക്ക് ഉറപ്പ് നൽകി. 21 കുഞ്ഞുങ്ങളെ പക്ഷി നിരീക്ഷകനായ രാജു കിദൂർ രക്ഷിച്ചെങ്കിലും ഇതിൽ ഗുരുതരമായി പരുക്കേറ്റ 4 എണ്ണം പിന്നീടു മരിച്ചു. നീർകാക്ക, കുളക്കൊക്ക്, പാതിരാക്കൊക്ക് എന്നീ പക്ഷികളുടെ കുഞ്ഞുങ്ങളെയാണ് രക്ഷിച്ചത്. ഇതിൽ നാലെണ്ണത്തിന്റെ പരുക്ക് സാരമുള്ളതാണെന്ന് രാജു കിദൂർ പറഞ്ഞു.

സംരക്ഷണം നിയമപരം

സംരക്ഷിത വിഭാഗത്തിലെ പക്ഷികളുടെ കൂടുകൾ നശിപ്പിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണ്. ജില്ലയിലെ ദേശീയ പാതയോരത്തെ മരങ്ങളിലെ പക്ഷിക്കൂടുകൾ സംബന്ധിച്ച് കഴിഞ്ഞ മാസം ജില്ലയിലെ പക്ഷി നിരീക്ഷകരും ‘മാർക്ക്’ പോലെയുള്ള സംഘടനകളും സർവേ നടത്തിയിരുന്നു. ഈ കണക്കുകൾ വനംവകുപ്പിന്റെ കൈവശമുണ്ട്. വന സംരക്ഷണ നിയമങ്ങൾ പാലിക്കാൻ മരം മുറിക്കാൻ കരാർ ഏറ്റെടുത്തവരും ബാധ്യസ്ഥരാണ്. ഇവിടെ വീഴ്ച വരുത്തിയതു ബോധപൂർവമല്ലാത്തതിനാൽ കർശന നടപടികൾ സ്വീകരിച്ചിട്ടില്ല.

ദേശീയപാതയോരത്തെ മരങ്ങൾ മുറിക്കാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. എന്നാൽ മരങ്ങളിൽ പക്ഷിക്കൂടുണ്ടെങ്കിൽ അവ തൽക്കാലം ഒഴിവാക്കുന്നതിൽ കരാറുകാർക്ക് ജാഗ്രത കാണിക്കാമായിരുന്നു. ചെർക്കള വരെയുള്ള ഭാഗത്ത് പക്ഷിക്കൂടുള്ള 6 മരങ്ങൾ അടയാളമിട്ടു നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷം പക്ഷികൾ പറന്നു പോകും. പിന്നീട് ഈ മരങ്ങൾ വെട്ടുന്നതിനു തടസ്സമില്ല.
അജിത് കെ.രാമൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here