‘ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് പരിശീലനം കൊടുക്കുന്നുണ്ട്’; വീണ്ടും വിദ്വേഷ പ്രചരണവുമായി കത്തോലിക്ക വൈദികന്‍

0
339

കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ വിദ്വേഷ പ്രചരണവുമായി കത്തോലിക്ക വൈദികന്‍ രംഗത്ത് എത്തിയത്.

ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ ആരോപിച്ചത്.

‘കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’ എന്നുമാണ് ഫാദര്‍ റോയി കണ്ണന്‍ചിറ ക്ലാസില്‍ പറഞ്ഞത്.

2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദര്‍ റോയി കണ്ണന്‍ചിറ. കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ റോയി കണ്ണന്‍ചിറ കൈകാര്യം ചെയ്യുന്നുണ്ട്.

കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ എന്നീ ചുമതലകളും ഇയാള്‍ വഹിക്കുന്നുണ്ട്.

നേരത്തെയും കത്തോലിക്ക സഭ സമാനമായ വിദേഷ പ്രചരണം നടത്തിയിരുന്നു. ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചത്.

മുസ്‌ലിങ്ങള്‍ക്ക് പുറമെ എസ്.എന്‍.ഡി.പിക്കും കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാനുള്ള ഗൂഢപദ്ധതികളുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം.

ഇതിന് പിന്നാലെ ബിഷപ്പ് ഹൗസിലേക്ക് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തുകയും തുടര്‍ന്ന് അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തിയിരുന്നു.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here