തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (wipr) അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്.
നിലവില്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്. ഇത് എട്ടായി ഉയര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാകും.
നിലവില്‍ 30,000ല്‍ താഴെയാണ് പ്രതിദിന കോവിഡ് കേസുകള്‍. ടിപിആര്‍ 19ല്‍ നിന്ന് 17ലേക്ക് എത്തിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞാഴ്ച നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഇളവ്.
ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും രാത്രി കര്‍ഫ്യൂ ഒഴിവാക്കാനുമാണ് കഴിഞ്ഞാഴ്ച തീരുമാനിച്ചത്. കൂടാതെ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുവദിച്ചിരുന്നു. ഒക്ടോബര്‍ നാലുമുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശിക്കാനാണ് അനുമതി നല്‍കിയത്.