കുമ്പള ∙ കൊടിയമ്മ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം വരുന്നു.എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു അവലോകനം നടത്തി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം യഥാർഥ്യമാകുന്നത്. ഇതിൽ 1.25 കോടി രൂപയാണ് ജില്ലാ വികസന പാക്കേജിൽ നിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമടക്കം 1.75 കോടി രൂപയ്ക്കാണ് പ്രത്യേക ഭരണാനുമതി ലഭിച്ചത്. വോളിബോൾ, ഷട്ടിൽ, കബഡി കോർട്ടുകൾ എന്നിവയാണ് ഇൻഡോർ സ്റ്റേഡിയത്തിലുണ്ടാവുക.
ഇരുനൂറിലേറെ പേർക്ക് ഇരിക്കാവുന്ന ഗാലറിയും ഇതോടൊപ്പമുണ്ട്. വിശ്രമ മുറി, ഡ്രസിങ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങൾ ഉണ്ടാകും. മരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം യഥാർഥ്യമാകുന്നതോടെ കുമ്പളയുടെ കായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കാസർകോട് ജില്ലാ വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ്മോഹൻ, മരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അനസ് അഷ്റഫ്, പിടിഎ പ്രസിഡന്റ് അഷ്റഫ് കൊടിയമ്മ, ജിഎച്ച്എസ് കൊടിയമ്മ സീനിയർ അസിസ്റ്റന്റ് പത്മനാഭൻ ബ്ലാത്തൂർ, പിടിഎ ഭാരവാഹികളായ കെ.അബ്ബാസ് അലി, അബ്ദുല്ല ഈച്ചിലമ്പാടി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഓവർസീയർ രാജേഷ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.