കേരളത്തിൽ ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം ചേരുന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.
ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നൽകുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകൾ തുറക്കുന്ന കാര്യവും സർക്കാരിൻറെ സജീവ പരിഗണനയിലാണ്. ഒക്ടോബറിൽ കോളേജുകളും നവംബറിൽ സ്കൂളുകളും തുറക്കുന്നതിന് മുമ്പ് കാര്യമായ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത.
ഒക്ടോബർ പതിനഞ്ചോടെ കോളേജുകളിൽ മുഴുവൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. നവംബർ ഒന്ന് മുതൽ സ്കൂളുകളും തുറക്കും.
അതേസമയം ഒക്ടോബർ നാലിന് മഹാരാഷ്ട്രയിലെ സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും, ഗ്രാമങ്ങളിൽ അഞ്ച് മുതൽ 12 വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. കൂടാതെ ആരാധനാലയങ്ങൾ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി വിമർശിച്ചിരുന്നു. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും,കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കോടതി വ്യക്തമാക്കി.