ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

0
351

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍ ബ്ലോക്കിലെ മാഡി ഗ്രാമത്തിലാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യം നടക്കുന്നത്. 1981ലെ കലാപത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് അവസാന മുസ്ലിം കുടുംബവും ഒഴിഞ്ഞുപോയിരുന്നു. എങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് അഞ്ച് നേരവും ഈ ആരാധനാലയത്തില്‍ നിന്ന് ബാങ്കുവിളി ഉയരുന്നുണ്ട്.

ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ ആരാധനാലയം സംരക്ഷിക്കുന്നതും. വെള്ളപ്പൊക്കത്തില്‍ നിന്നും മറ്റ് പ്രകൃതി ദുരന്തങ്ങളില്‍ നിന്നും തങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ ആരാധനാലയത്തിന് വലിയ പങ്കുണ്ടെന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. ഗ്രാമത്തിലുണ്ടായിരുന്ന അവസാന മുസ്ലിം കുടുംബവും ഇവിടെ വിട്ട് പോയതോടെ ഹിന്ദുവിഭാഗത്തിലുള്ളവര്‍ ഈ മോസ്ക് ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. മോസ്ക് സംരക്ഷണത്തിനായും മറ്റ് അറ്റകുറ്റ പണികള്‍ക്കായും പണം കണ്ടെത്തുന്നതും ഗ്രാമത്തിലുള്ളവര്‍ തന്നെയാണ്. വിവാഹിതരായ ശേഷം ഹിന്ദു ദമ്പതികള്‍ ആദ്യം സന്ദര്‍ശിക്കുന്ന ഇടം ഈ മോസ്കാണെന്നാണ് ഗ്രാമവാസിയായ ഉദയ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

കുറഞ്ഞത് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പാണ് അന്ന് മാന്‍ഡി എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമത്തില്‍ മുസ്ലിം കുടുംബങ്ങള്‍ താമസിച്ചിരുന്നതെന്ന് ഇവിടെ വേരുകളുള്ള ഖാദിദ് അലാം ഭൂട്ടോ പറയുന്നു. വര്‍ഗീയ കലാപത്തിന് ശേഷം ഗ്രാമത്തിലുണ്ടായിരുന്നവര്‍ ഇവിടം വിട്ട് മറ്റിടങ്ങളിലേക്ക് പോവുകയായിരുന്നു. തന്‍റെ മുത്തച്ഛന്‍ മാന്‍ഡി വിട്ട് ബിഹാര്‍ഷെരീഫില്‍ താമസമാക്കുകയായിരുന്നുവെന്നും ഭൂട്ടോ പറയുന്നു.

മാഡി ഗ്രാമത്തില്‍ 15 ഏക്കര്‍ കൃഷി ഭൂമിയാണ് ഭൂട്ടോയുടെ കുടുംബത്തിനുള്ളത്. ഇവിടെ കൃഷികള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. 1945വരെ 90ല്‍ അധികം മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്നാണ് മാഡിയില്‍ വേരുകള്‍ ഉള്ള എം ഡി ബഷീര്‍ വിശദമാക്കുന്നത്. 1946ലെ കലാപത്തിന് ശേഷമാണ് മുസ്ലിം വിഭാഗത്തിലുള്ള കുടുംബങ്ങള്‍ ഇവിടം ഉപേക്ഷിക്കാന്‍ തുടങ്ങിയത്. 1981ലെ കലാപത്തോടെ ഈ പലായനം പൂര്‍ണമാകുകയായിരുന്നുവെന്നും എം ഡി ബഷീര്‍ വിശദമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here