സാങ്കേതികാര്‍ഥത്തില്‍ മാത്രം ചില പദങ്ങളെ സമീപിച്ചു ഒരു സമൂഹത്തെ പൈശാചികവത്കരിക്കുന്ന രീതി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന നിര്‍ഭാഗ്യമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സംഘര്‍ഷഭരിതമായ സാമൂഹിക സാഹചര്യങ്ങള്‍ക്ക് മീതെ ക്രിസ്തുവിന്റെ സ്‌നേഹ ശുശ്രൂശ നല്‍കാന്‍ നിയുക്തരായ മനുഷ്യസ്‌നേഹികളായ സഭാ പിതാക്കള്‍ ഈയൊരു വസ്തുത മറ്റാരേക്കാളും മനസ്സിലാക്കിയവരാണ് എന്നാണ് ബോധ്യം.അപരവത്കരണത്തിന്റെ പ്രയോക്താക്കളെന്ന് ഒരു ചരിത്രവും ആരെയും അടയാളപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത നമ്മില്‍ നിന്നും ഉണ്ടാകട്ടെ എന്നും മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശുഭകരമല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലൂടെ നാം കടന്ന് പോകുന്നത് വ്യക്തിപരമായ വലിയ വേദനകളിലൊന്നായി തീരുന്നു. സാമൂഹിക സൗഹാർദ്ദം പ്രാർത്ഥനയും പ്രവർത്തിയുമാക്കിയ ഒരു പിതാവിന്റെ മകനെന്ന നിലയിൽ ഈ വിഷമസന്ധിയെ ഏറെ ദു:ഖത്തോടെയാണ് നോക്കി കാണുന്നത്.
പ്രകൃതി ദുരന്തങ്ങളിലും പകർച്ചാവ്യാധിയിലും മറ്റെല്ലാത്തിനുമപ്പുറത്ത് കേരളീയർ എന്ന ചേർത്തുപിടിക്കലായിരുന്നു നമ്മുടെ ഊർജ്ജം. പ്രയാസപ്പെടുന്ന സഹോദരങ്ങളെ ഓർത്തായിരുന്നു നമ്മുടെ ആധി. സ്വന്തം വിശ്വാസങ്ങളും അനുഷ്ടാനവും വിശ്വാസരാഹിത്യവും രാഷ്ട്രീയവും അരാഷ്ട്രീയവുമൊക്കെ നമുക്കിടയിൽ നില നിൽക്കുമ്പോഴും നമ്മളൊന്ന് എന്നതായിരുന്നു എന്നും നമ്മുടെ ശക്തി.ഇവിടെ കേരളീയർക്കൊരിക്കലും മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നില്ല.
അകൽച്ചയുടെ സാമൂഹിക തടവറകൾ സ്വയം തീർക്കുന്ന ഒരു സമൂഹമായി നമുക്കെങ്ങനെയാണ് മുന്നോട്ട് ചലിക്കാനാവുക.. അവിശ്വാസത്തിന്റെ പരികല്പനകൾ അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങുമ്പോൾ അത് അനാവശ്യ തർക്കങ്ങളായി,സംശയങ്ങളായി നാം ഇന്നുവരെ ശീലിച്ച സാമൂഹിക സഹജീവനത്തെയും പുരോഗതിയേയും സങ്കീർണ്ണമാക്കുന്നു. മുഴുവൻ മതനേതാക്കളും മതമേലദ്ധ്യക്ഷന്മാരും വിശ്വാസി സമൂഹങ്ങളും പരസ്പരം സ്നേഹവും കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് ഇപ്പോഴെന്ന പോലെ ഇനിയുമുണ്ടാകേണ്ടത്.
കുഞ്ഞുനാൾ തൊട്ട് കണ്ടും കേട്ടും വായിച്ചുമറിഞ്ഞ ക്രൈസ്തവ പുരോഹിതരും സഭാ പിതാക്കന്മാരുമൊക്കെ അന്നുമിന്നും സ്നേഹ സ്വരൂപരായ, ദീനാനുകമ്പയുടെ പ്രതിരൂപങ്ങളായാണ് മനസ്സിൽ തെളിഞ്ഞിട്ടുള്ളത്. സ്നേഹ വായ്പിന്റെയും ആദരവിന്റെയും ഓർമ്മകൾ മാത്രമാണ് പരസ്പരമുള്ളത്.