ഇളയ മകന് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കിയ അമ്മ തൂങ്ങി മരിച്ചു; ഏഴുവയസുകാരന്‍ മുഫാസ് ആശുപത്രിയില്‍

0
266

അമ്പലപ്പുഴ: ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് ജീവനൊടുക്കിയത്. മകന്‍ മുഫാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവുവീട്ടിലില്ലാതിരുന്ന സമയത്താണ് റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിനല്‍കുകയായിരുന്നു. ഇതുകണ്ട മൂത്തമകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ മുജീബ് പെണ്‍മക്കള്‍ക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

Suicide | Bignewslive

പിന്നീട്, മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണു മാതാവും വിഷംകഴിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. മുജീബ് ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റഹ്മത്ത് ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ് റഹ്മത്ത്. രണ്ടാഴ്ച മുന്‍പ് ഇവര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകള്‍ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. മറ്റുമക്കള്‍: മുഹ്‌സിന, മുബീന.

LEAVE A REPLY

Please enter your comment!
Please enter your name here