അതിർത്തി കടക്കുന്നതിന് ആർടിപിസിആർ: കർണാടകയ്‌ക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

0
285

കൊച്ചി∙ കേരളത്തിൽനിന്നു കർണാടക അതിർത്തി കടക്കുന്നതിന് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ല വിഷയമെന്നു വിലയിരുത്തിയാണ് കോടതി നടപടി. നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന കർണാടക സർക്കാരിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്, സിപിഎം നേതാവ് ജയാനന്ദ എന്നിവരാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കർണാടകയുടെ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധവും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

അതേസമയം, സർക്കാർ ഉത്തരവുപ്രകാരം ചികിത്സാ ആവശ്യങ്ങൾക്ക് അടിയന്തരമായി അതിർത്തി കടക്കുന്നതിനു നിയന്ത്രണങ്ങൾ ഇല്ലെന്നു കർണാടക അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. എല്ലാ ദിവസവും അതിർത്തി കടക്കുന്നവർക്കും തടസ്സമില്ല. പരിശോധന നടത്താതെ എത്തുന്നവർക്കായി ചെക്ക് പോസ്റ്റിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നതെന്നും കോടതിയെ ബോധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here