സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; ‘ബയോബബിള്‍’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍

0
172

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും തിരുവനന്തപുരത്ത് പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കും. സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ചാകും മാര്‍ഗരേഖ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവരുമായി സംസാരിക്കും.

ബയോബബിള്‍ പോലെയുള്ള സുരക്ഷ കേന്ദ്രമായി സ്‌കൂളിനെ മാറ്റും. ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയില്‍ കുട്ടികളെ പൂര്‍ണമായും സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തില്‍ ക്രമീകരണം നടത്തും. വരുന്ന രണ്ടുമൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകള്‍ നിര്‍ബന്ധമായും കരുതണം.

നേരത്തെ നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here